loader image

അദ്ധ്യായം 9
രാജവിദ്യാരാജഗുഹ്യയോഗഃ

Chapter-9: Raja Vidya Raja Guhyayoga (34 verses)

ശ്രീഭഗവാനുവാച

1. ഇദം തു തേ ഗുഹ്യതമം പ്രവക്ഷ്യാമ്യനസൂയവേ
ജ്ഞാനം വിജ്ഞാനസഹിതം യജ്ജ്ഞാത്വാ മോക്ഷ്യസേഽശുഭാത്

യാതൊന്നിനെ അറിഞ്ഞാ‍ല്‍ ഒരുവന്‍ പാപത്തില്‍ നിന്ന് മുക്തനാകുമോ, ഏറ്റവും ഗുഹ്യവും അനുഭവസഹിതവുമായിട്ടുള്ള ഈ ജ്ഞാനത്തെ അസൂയാരഹിതനായ നിനക്ക് ഉപദേശിക്കാം.

2. രാജവിദ്യാ രാജഗുഹ്യം പവിത്രമിദമുത്തമം
പ്രത്യക്ഷാവഗമം ധര്‍മ്യം സുസുഖം കര്‍തുമവ്യയം

വിദ്യകളിലും, രഹസ്യങ്ങളിലും വെച്ച് ശ്രേഷ്ഠവും, പവിത്രവും, ഉത്തമവുമായ ഈ ജ്ഞാനം പ്രത്യക്ഷമായി അറിയാവുന്നതും, ധര്‍മ്മാനുസൃതവും, എളുപ്പം ആചരിക്കാവുന്നതും, നാശരഹിതവുമാണ്.

3. അശ്രദ്ദധാനാഃ പുരുഷാ ധര്മ്മസ്യാസ്യ പരന്തപ
അപ്രാപ്യ മാം നിവര്‍തന്തേ മൃത്യുസംസാരവര്‍ത്മനി

അര്‍ജുനാ, ഈ ധര്‍മ്മത്തില്‍  വിശ്വാസമില്ലാത്തവർ എന്നെ പ്രാപിക്കുവാന്‍ കഴിയാതെ,  പുനർജന്മത്തിൻ്റെതായ മാർഗ്ഗത്തിലെത്തും.

4. മയാ തതമിദം സര്‍വ്വം ജഗദവ്യക്തമൂര്‍ത്തിനാ
മത്സ്ഥാനി സര്‍വ്വഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ

ഈ പ്രപഞ്ചം മുഴുവനും അവ്യക്തസ്വരൂപനായ എന്നാല്‍ വ്യാപ്ത മാണ്. സര്‍വചരാചരങ്ങളും എന്നില്‍ സ്ഥിതിചെയ്യുന്നു. ഞാന്‍ അവയില്‍ സ്ഥിതിചെയ്യുന്നുമില്ല.

5. ന ച മത്സ്ഥാനി ഭൂതാനി പശ്യ മേ യോഗമൈശ്വരം
ഭൂതഭൃന്ന ച ഭൂതസ്ഥോ മമാത്മാ ഭൂതഭാവനഃ

(വാസ്തവത്തില്‍) ഭുതങ്ങള്‍ എന്നില്‍‍ സ്ഥിതി ചെയ്യുന്നുമില്ല. എൻ്റെ ഈശ്വരീയമായ യോഗത്തെ (സാമര്‍ഥ്യത്തെ) കണ്ടാലും. ഞാന്‍ സര്‍വ്വഭൂതങ്ങളേയും സൃഷ്ടിക്കുന്നവനും, പാലിക്കുന്നവനുമാണെങ്കിലും ഞാന്‍‍‍ അവയില്‍ സ്ഥിതി ചെയ്യുന്നില്ല.

6. യഥാകാശസ്ഥിതോ നിത്യം വായുഃ സര്‍വ്വത്രഗോ മഹാന്‍
തഥാ സര്‍വ്വാണി ഭൂതാനി മത്സ്ഥാനീത്യുപധാരയ

സര്‍വത്ര സഞ്ചരിക്കുന്നതും മഹത്തായതുമായ വായു എപ്രകാരം സദാ ആകാശത്തില്‍ സ്ഥിതി ചെയ്യുന്നുവോ അപ്രകാരം തന്നെയാണ് സര്‍വഭുതങ്ങളും എന്നില്‍ കുടികൊള്ളുന്നത് എന്ന് അറിഞ്ഞാലും.

7. സര്‍വ്വഭൂതാനി കൌന്തേയ പ്രകൃതിം യാന്തി മാമികാം
കല്പക്ഷയേ പുനസ്താനി കല്പാദൌ വിസൃജാമ്യഹം

അര്‍ജുനാ! കല്പാന്തത്തില്‍ പ്രളയം വരുമ്പോള്‍ സര്‍വ്വഭൂതങ്ങളും എൻ്റെ പ്രകൃതിയിലേയ്ക്കു തിരിച്ചു പോകുന്നു. അടുത്ത കല്പത്തിൻ്റെ തുടക്കത്തില്‍ അവയെയെല്ലാം ഞാന്‍ വീണ്ടും സൃഷ്ടിക്കുന്നു.

8. പ്രകൃതിം സ്വാമവഷ്ടഭ്യ വിസൃജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സ്നമവശം പ്രകൃതേര്‍വ്വശാത്

9. ന ച മാം താനി കര്‍മാണി നിബധ്നന്തി ധനഞ്ജയ
ഉദാസീനവദാസീനമസക്തം തേഷു കര്‍മംസു

പ്രകൃതിയ്ക്ക് വശപ്പെട്ടതുമൂലം അസ്വതന്ത്രമായ ഈ ജീവജാല ങ്ങളെയെല്ലാം എൻ്റെ പ്രകൃതിയെ ആശ്രയിച്ചുകൊണ്ട് ഞാന്‍ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു. (സൃഷ്ടി തുടങ്ങിയ) ഈ കര്‍മ്മങ്ങളില്‍ ആസക്തിയില്ലാത്തവനും, ഉദാസീനനെപ്പോലെയിരിക്കുന്നവനുമായ എന്നെ അവ ബന്ധിക്കു ന്നില്ല.

10. മയാധ്യക്ഷേണ പ്രകൃതിഃ സൂയതേ സചരാചരം
ഹേതുനാനേന കൌന്തേയ ജഗദ്വിപരിവര്‍തതേ

എൻ്റെ രക്ഷയിൻകീഴിൽ പ്രകൃതി ചരങ്ങളെയും അചരങ്ങളെയും സൃഷ്ടിക്കുന്നു. ഇതുകൊണ്ടാണ്, ഹേ കുന്തിപുത്ര!, പ്രപഞ്ചം ചലിക്കുന്നത്.

11. അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം

എൻ്റെ ഈ ഉത്തമമായ അവസ്ഥയെ അറിയാതെ അജ്ഞാനികൾ എന്നെ വ്യക്തിരൂപമുള്ളവനായി കരുതി അവഗണിക്കുന്നു.

12. മോഘാശാ മോഘകര്‍മാണോ മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസുരീം ചൈവ പ്രകൃതിം മോഹിനീം ശ്രിതാഃ

വ്യര്‍ഥമായ ആശയോടും, കര്‍മത്തോടും, ജ്ഞാനത്തോടും കൂടിയ അവിവേകികള്‍ മോഹജനകവും രാക്ഷസീയവും ആസുരവുമായ സ്വഭാവത്തോടുകൂടിയവരാണ്.

13. മഹാത്മാനസ്തു മാം പാര്‍ഥ ദൈവീം പ്രകൃതിമാശ്രിതാഃ
ഭജന്ത്യനന്യമനസോ ജ്ഞാത്വാ ഭൂതാദിമവ്യയം

അര്‍ജുനാ! മഹാത്മാക്കളാവട്ടെ ദിവ്യമായ സ്വഭാവത്തെ കൈക്കൊണ്ട്, ഭുതങ്ങളുടെയെല്ലാം അവിനാശിയായ സ്രോതസ്സാണ് ഞാന്‍ എന്നറിഞ്ഞു ഏകാഗ്രചിത്തരായി (എന്നെ) ഭജിക്കുന്നു.

14. സതതം കീര്‍തയന്തോ മാം യതന്തശ്ച ദൃഢവ്രതാഃ

നമസ്യന്തശ്ച മാം ഭക്ത്യാ നിത്യയുക്താ ഉപാസതേ

എപ്പോഴും എന്നില്‍ ഉറപ്പിച്ച മനസ്സോടുകൂടിയ അവര്‍ സദാ എന്നെ സ്തുതിക്കുകയും, ദൃഢവ്രതന്മാരായി പ്രയത്നിക്കുകയും, നമസ്കരിക്കുകയും ചെയ്തു കൊണ്ട് ഭക്തിയോടെ എന്നെ ആരാധിക്കുന്നു.

15. ജ്ഞാനയജ്ഞേന ചാപ്യന്യേ യജന്തോ മാമുപാസതേ
ഏകത്വേന പൃഥക്ത്വേന ബഹുധാ വിശ്വതോമുഖം

മറ്റു ചിലർ ജഗത്തെല്ലാം നിറഞ്ഞിരിക്കുന്ന എന്നെ ജ്ഞാനയജ്ഞത്താൽ ഏകഭാവത്തിലും ദ്വൈതഭാവത്തിലും അനേകരൂപത്തിലും ഭജിക്കുന്നു.

16. അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൌഷധം
മന്ത്രോഽഹമഹമേവാജ്യമഹമഗ്നിരഹം ഹുതം

യാഗം ഞാൻ തന്നെയാണ്. പിതൃക്കൾക്കായി ചെയ്യുന്ന കർമ്മങ്ങളും ഹോമദ്രവ്യവും മന്ത്രവും അഗ്നിയും ഹോമവും എല്ലാം ഞാൻ തന്നെയാകുന്നു.

17. പിതാഹമസ്യ ജഗതോ മാതാ ധാതാ പിതാമഹഃ
വേദ്യം പവിത്രമോംകാര ഋക്സാമ യജുരേവ ച

ഈ ജഗത്തിൻ്റെ പിതാവും, മാതാവും, കർമ്മഫലത്തെ നൽകുന്നവനും , പിതാമഹനും ഞാന്‍ തന്നെയാണ്. ശുദ്ധീകരിക്കുന്ന ശക്തിയും ഓംകാരവും വേദങ്ങളും എല്ലാം ഞാൻ തന്നെയാണ്.

18. ഗതിര്‍ഭര്‍താ പ്രഭുഃ സാക്ഷീ നിവാസഃ ശരണം സുഹൃത്
പ്രഭവഃ പ്രലയഃ സ്ഥാനം നിധാനം ബീജമവ്യയം

(ഈ ജഗത്തിൻ്റെ) ലക്ഷ്യവും, പാലകനും, സ്വാമിയും, സാക്ഷിയും, നിവാസസ്ഥാനവും, ശരണ്യനും, സുഹൃത്തും, ഉദ്ഭവവും, പ്രളയവും, ആധാരവും, നിക്ഷേപവും, അവിനാശിയായ ഉല്പത്തികാരണവും ഞാന്‍ തന്നെ.

19. തപാമ്യഹമഹം വര്‍ഷം നിഗൃഹ്ണാമ്യുത്സൃജാമി ച
അമൃതം ചൈവ മൃത്യുശ്ച സദസച്ചാഹമര്‍ജുന

ചൂട് നൽകുന്നത് മഴ പെയ്യിക്കുന്നതും പെയ്യിക്കാതിരിക്കുന്നതും ഞാൻ തന്നെ. അമരത്വവും മരണവും, ഉത്ഭവത്തിനും നാശത്തിനും കാരണവും എല്ലാം ഞാൻ തന്നെ.

20. ത്രൈവിദ്യാ മാം സോമപാഃ പൂതപാപാ
യജ്ഞൈരിഷ്ട്വാ സ്വര്‍ഗതിം പ്രാര്‍ഥയന്തേ
തേ പുണ്യമാസാദ്യ സുരേന്ദ്രലോക-
മശ്നന്തി ദിവ്യാന്ദിവി ദേവഭോഗാന്‍

മുന്നുവേദങ്ങളും അറിയുന്നവര്‍ യജ്ഞങ്ങളാല്‍ എന്നെ പുജിച്ച്, സോമരസം പാനം ചെയ്തിട്ട് പാപഹീനന്മാരായി സ്വര്‍ഗ്ഗപ്രാപ്തി ക്കായി പ്രാര്‍ഥിക്കുന്നു. അവര്‍ പുണ്യലോകമായ സ്വര്‍ഗത്തില്‍ ചെന്ന് അവിടത്തെ ദിവ്യങ്ങളായ ദേവഭോഗങ്ങളെ അനുഭവിക്കുന്നു.

21. തേ തം ഭുക്ത്വാ സ്വര്‍ഗലോകം വിശാലം
ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി
ഏവം ത്രയീധര്‍മമനുപ്രപന്നാ
ഗതാഗതം കാമകാമാ ലഭന്തേ

അവര്‍ വിശാലമായ സ്വര്‍ഗലോകത്തില്‍ ഭോഗമനുഭവിച്ചിട്ട്, പുണ്യം ക്ഷയിക്കുമ്പോള്‍ മര്‍ത്യലോകത്തിലേക്കു തിരിച്ചു വരുന്നു. ഇപ്രകാരം വേദോക്തധര്‍മത്തെ ആചരിക്കുകയും സുഖഭോഗങ്ങളെ ആഗ്രഹിക്കു കയും ചെയ്യുന്നവര്‍ (ഒരു ലോകത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക്) വരുകയും പോകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

22. അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം

മറ്റൊന്നും ചിന്തിക്കാതെ എന്നെ മാത്രം ആരാധിക്കുന്ന സംയമികളുടെ യോഗക്ഷേമം ഞാൻ നിർവഹിക്കുന്നു.

യേഽപ്യന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാഃ
തേഽപി മാമേവ കൌന്തേയ യജന്ത്യവിധിപൂര്‍വ്വകം (23)

അര്‍ജുനാ! (എന്നില്‍ നിന്ന് ഭിന്നരായ) മറ്റു ദേവതകളെ ശ്രദ്ധ യോടുകൂടി പൂജിക്കുന്ന ഭക്തന്മാരും വിധിപൂര്‍വമായിട്ടല്ലാതെ എന്നെ ത്തന്നെയാണ് പൂജിക്കുന്നത്.

24. അഹം ഹി സര്‍വ്വയജ്ഞാനാം ഭോക്താ ച പ്രഭുരേവ ച
ന തു മാമഭിജാനന്തി തത്ത്വേനാതശ്ച്യവന്തി തേ

സര്‍വ്വയജ്ഞങ്ങളുടെയും ഭോക്താവും പ്രഭുവും ഞാനാണ്. അവര്‍ എന്നെ യഥാര്‍ഥത്തില്‍ അറിയുന്നില്ല. അതുകൊണ്ട് അവര്‍ (യജ്ഞപുണ്യഫലമായി പുണ്യലോകങ്ങളെ പ്രാപിച്ച ശേഷം പുണ്യം ക്ഷയിക്കുമ്പോള്‍) സംസാരത്തിലേക്കു  പതിക്കുന്നു.

25. യാന്തി ദേവവ്രതാ ദേവാന്‍ പിതൃന്‍ യാന്തി പിതൃവ്രതാഃ
ഭൂതാനി യാന്തി ഭൂതേജ്യാ യാന്തി മദ്യാജിനോഽപി മാം

ദേവന്മാരെ ആരാധിക്കുന്നവര്‍ ദേവന്മാരെയും പിതൃക്കളെ പൂജിക്കുന്നവര്‍ പിതൃക്കളെയും, ഭൂതഗണങ്ങളെയും മറ്റും ആരാധിക്കുന്നവര്‍ ഭൂതഗണങ്ങളെയും, എന്നെ ആരാധിക്കുന്നവര്‍ എന്നെയും പ്രാപിക്കുന്നു.

26. പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ 

ഇലയോ, പുഷ്പമോ, ജലമോ എന്തായാലും ഭക്ത്യാദരങ്ങളോട് കൂടെ ശുദ്ധമനസ്സുള്ളവർ എനിക്കർപ്പിക്കുന്നതു ഞാൻ സ്വീകരിക്കും.

27. യത്കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത്
യത്തപസ്യസി കൌന്തേയ തത്കുരുഷ്വ മദര്‍പണം

നീ ചെയ്യുന്നതും, ഭക്ഷിക്കുന്നതും, ഹോമിക്കുന്നതും, ദാനം ചെയ്യുന്നതും, തപസ്സനുഷ്ഠിക്കുന്നതും എല്ലാം എന്നിലർപ്പിച്ചുകൊണ്ടു നിർവഹിക്കുക.

28. ശുഭാശുഭഫലൈരേവം മോക്ഷ്യസേ കര്‍മബന്ധനൈഃ
സംന്യാസയോഗയുക്താത്മാ വിമുക്തോ മാമുപൈഷ്യസി

ഇപ്രകാരം ചെയ്യുകയാണെങ്കില്‍ ശുഭാശുഭകര്‍മങ്ങളുടെ ബന്ധ ങ്ങളില്‍ നിന്ന് നീ മുക്തനാകും; സന്ന്യാസയോഗത്തില്‍ മനസ്സുറപ്പിച്ച വനായ നീ മുക്തനായി എന്നെ പ്രാപിക്കും.

29. സമോഽഹം സര്‍വ്വഭൂതേഷു ന മേ ദ്വേഷ്യോഽസ്തി ന പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം 

ഞാന്‍ സകല ജീവജാലങ്ങളോടും സമഭാവത്തോടുകൂടിയാണ് വര്‍ത്തിക്കുന്നത്. എനിക്കു വിരോധിയില്ല. പ്രിയനുമില്ല. എന്നാല്‍ ഭക്തിയോടുകൂടി എന്നെ ഭജിക്കുന്നവര്‍ എന്നിലും ഞാ‍ന്‍ അവരിലും വര്‍ത്തിക്കുന്നു.

30. അപി ചേത്സുദുരാചാരോ ഭജതേ മാമനന്യഭാക്
സാധുരേവ സ മന്തവ്യഃ സമ്യഗ്വ്യവസിതോ ഹി സഃ

ഏറ്റവും ദുരാചാരനായവന്‍ പോലും എന്നെ ഏകാഗ്രചിത്തനായി ഭജിക്കുന്നുവെങ്കില്‍ അവനെ ശിഷ്ടനായി കരുതേണ്ടതാണ്. അവന്‍ ശരിയായ നിശ്ചയം എടുത്തിട്ടുള്ളവനാണ്.

31. ക്ഷിപ്രം ഭവതി ധര്‍മാത്മാ ശശ്വച്ഛാന്തിം നിഗച്ഛതി
കൌന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി

അവന്‍ വേഗം തന്നെ ധര്‍മ്മാത്മാവായിത്തീര്‍ന്ന് ശാശ്വതമായ ശാന്തിയെ നേടുന്നു. ഹേ അര്‍ജുനാ! എൻ്റെ ഭക്തന്‍ നശിക്കുന്നില്ലെന്ന് ഉദ്ഘോഷിച്ചാലും.

32. മാം ഹി പാര്‍ഥ വ്യപാശ്രിത്യ യേഽപി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ്തേഽപി യാന്തി പരാം ഗതിം

അര്‍ജുനാ! എന്നെ ശരണം പ്രാപിച്ചിട്ട് സ്ത്രീകളും, വൈശ്യന്മാരും, ശൂദ്രന്മാരും, നീചയോനികളില്‍ ജനിച്ചവരുമെല്ലാം പരമഗതിയെ പ്രാപിക്കുക തന്നെ ചെയ്യുന്നു.

33. കിം പുനര്‍ബ്രാഹ്മണാഃ പുണ്യാ ഭക്താ രാജര്‍ഷയസ്തഥാ
അനിത്യമസുഖം ലോകമിമം പ്രാപ്യ ഭജസ്വ മാം

അങ്ങനെയിരിക്കെ പുണ്യവാന്മാരായ ബ്രഹ്മണന്മാരേയും ഭക്തന്മാരായ രാജര്‍ഷിമാരെയും കുറിച്ച് പറയേണ്ടതുണ്ടോ? അനിത്യവും സുഖഹീനവുമായ ഈ ലോകത്തെ പ്രാപിച്ചുകഴിഞ്ഞ നീ എന്നെ ഭജിച്ചാലും.

34. മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവമാത്മാനം മത്പരായണഃ

എന്നില്‍ മനസ്സുറപ്പിക്കൂ, എൻ്റെ ഭജിക്കുകയും , എന്നെ പൂജിക്കുകയും എന്നെ നമസ്കരിക്കുകയും ചെയ്യൂ. ഇപ്രകാരം എന്നെത്തന്നെ ലക്ഷ്യമായി സ്വീകരിച്ചിട്ട്, മനസ്സിനെ എന്നിലുറപ്പിച്ചവനായ നീ എന്നെത്തന്നെ പ്രാപിക്കും.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ രാജവിദ്യാരാജഗുഹ്യയോഗോ നാമ നവമോഽധ്യായഃ